അതാ കൊടിമരത്തില്‍ പീതപതാക ഉയര്‍ന്ന് പാറിക്കളിക്കുന്നു. രാജാവ് രാജ്യത്ത് തന്നെയുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ കൊട്ടാരവളപ്പിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലെങ്കിലും വെളിയില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനും മറ്റും തടസമില്ല. ധാരാളം ടൂറിസ്റ്റുകള്‍ അവിടെ എത്തിയിട്ടുണ്ട്. ഞങ്ങള്‍ എത്തിയ ഉടനെ അശ്വാരൂഡസേനയിലെ രണ്ടംഗങ്ങള്‍ കൊട്ടാരകവാടത്തില്‍ എത്തി നിലയുറപ്പിച്ചു. രാജകീയ പ്രൗഡി വിളിച്ചോതുന്ന വേഷവിധാനങ്ങളോടെ കുതിരകളുടെ പുറത്തേറിയിരിക്കുന്ന ഭടന്മാരുടെ സമീപം നിന്ന് ഞങ്ങളില്‍ ചിലര്‍ ചിത്രങ്ങളെടുത്തു. രാജാവ് നാടുനീങ്ങിയതും ഭരണമില്ലാത്തതുമായ രാജകൊട്ടാരങ്ങള്‍ മുമ്പ് സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും അധികാരവും കിരീടവുമുള്ള രാജാവ് ജീവനോടിരുന്ന് രാജ്യഭരണം നടത്തുന്ന കൊട്ടാരം ആദ്യമായാണ് കണ്ടതെന്ന് ഞങ്ങളുടെ സംഘാംഗമായ ടി.കെ അനില്‍കുമാര്‍ പിന്നീട് പറഞ്ഞത് എല്ലാവരും ശരിവച്ചു.
ഒളിമങ്ങാത്ത രാജകീയപ്രതാപത്തിന്റെ സൗധത്തിന് മുന്നില്‍ നിന്ന് ഞങ്ങള്‍ നേരെ പോയത് മലേഷ്യയുടെ ദേശാഭിമാനസ്‌മാരകത്തിന് മുന്നിലേയ്‌ക്കാണ്.
നമുക്ക് ഇന്ത്യാഗേറ്റ് പോലെയും അമര്‍ജ്യോതി പോലെയും മലേഷ്യന്‍ ജനതയ്‌ക്ക് ഏറെ വികാരോദ്ദീപകമാണ് ആ സ്‌മാരകം. രാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുത്ത ധീരദേശാഭിമാനികളെക്കുറിച്ച് വിവരിച്ചപ്പോള്‍ ഗൈഡിന്റെ വാക്കുകളില്‍ ആവേശം, കണ്ണുകളില്‍ കണ്ണീരിന്റെ നനവ്. അയല്‍രാജ്യത്ത് നിന്നും മലേഷ്യ പിടിച്ചടക്കാനെത്തിയ കമ്മ്യൂണിസ്റ്റ് പോരാളികളോട് ചെറുത്ത് നിന്ന് വീരമൃത്യു പ്രാപിച്ചവരെയാണ് ഇവിടെ ഓര്‍മിക്കുന്നതെന്ന് യെന്‍ പറഞ്ഞു. പഴയൊരു പോരാട്ടത്തിന്റെ ദൃശ്യം കൂറ്റന്‍ കരിങ്കല്‍ പ്രതിമകളാല്‍ അതി മനോഹരമായി ഇവിടെ ആവിഷ്‌കരിച്ചിരിക്കുന്നത് ഏവരെയും ആകര്‍ഷിച്ചു.
അവിടെ നിന്നും ഞങ്ങള്‍ മറ്റൊരുവഴിയിലൂടെ പുറത്തിറങ്ങി. ഇവിടെ ഏഷ്യന്‍ ഗാര്‍ഡന്‍ എന്ന പൂന്തോട്ടം തീര്‍ത്തിരിക്കുന്നു. ചില ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലത്ത് സ്വന്തനിലയില്‍ പൂന്തോട്ടങ്ങള്‍ തീര്‍ത്തിരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളുടെ മേല്‍ നേതൃത്വപരമായ ഒരു സ്ഥാനം മലേഷ്യ ആഗ്രഹിക്കുന്നുണ്ടോ എന്ന് തോന്നി. ഇക്കാര്യത്തിലും യൂറോ പോലെ ഏകീകൃത ഏഷ്യന്‍ കറന്‍സിയ്‌ക്കായി നമ്മുടെ രാജ്യം നടത്തുന്ന വിജയകരമായ നീക്കങ്ങളെയും അതിലുള്ള ചൈനയുടെ എതിര്‍പ്പിനെയും ഈ ലേഖകന്‍ അപ്പോള്‍ ഓര്‍മിച്ചു. അല്‍പം പിന്നിലായി നീങ്ങിയ ഞങ്ങള്‍ ഇടതുവശത്തുള്ള മരച്ചുവട്ടിലേക്ക് നോക്കിയപ്പോള്‍ ഒരു വലിയ പഴുതാര ഇഴഞ്ഞ് നീങ്ങുന്നത് കണ്ടു. ചെറിയ പാമ്പിന്റെ അത്രയും വലിപ്പമുള്ള ചുവപ്പ് നിറമുള്ള പഴുതാരയെ ഞങ്ങളില്‍ ചിലര്‍ കൗതുകത്തോടെ നോക്കി. അവയുടെ കാലുകളും രൂപവും ചൈനീസ് ഡ്രാഗണിനെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു.
അവിടെ നിന്നും താഴേയ്‌ക്കിറങ്ങിയ ഞങ്ങള്‍ ഒരു കടയുടെ മുന്നിലെത്തി. ടീ ഷര്‍ട്ടുകളും തൊപ്പികളും മറ്റ് കൗതുകവസ്‌തുക്കളും വില്‌ക്കുന്ന ആ കടയുടെ ഉടമ ഒരു മലേഷ്യക്കാരി മധ്യവയ്‌സ്‌കയാണ്. ടീ ഷര്‍ട്ടുകളുടെ മുന്നില്‍ താത്‌പര്യത്തോടെ നിന്നപ്പോള്‍ സെയില്‍സ്‌മാനെന്ന് തോന്നിക്കുന്ന ഒരാള്‍ ഇറങ്ങി വന്നു. വില കേട്ടപ്പോള്‍ കൂടുതലെന്ന് തോന്നിയ ഞങ്ങള്‍ വില പേശാനാരംഭിച്ചു. തുടക്കത്തില്‍ ഒട്ടും വഴങ്ങാതിരുന്ന അയാള്‍ കുറെ കഴിഞ്ഞപ്പോള്‍ ഒരു കാര്യം നല്ല ഇംഗ്ലീഷില്‍ വ്യക്തമാക്കി. ``എന്റെ ഭാര്യയുടേതാണ് ഈ കട. ഭര്‍ത്താവായ ഞാനിവിടെ ജീവനക്കാരനാണ്. വില കുറയ്‌ക്കണമെങ്കില്‍ നിങ്ങള്‍ അവളോട് ചോദിക്കൂ. അവളുടെ അനുവാദമില്ലാതെ ഞാന്‍ വില കുറച്ച് നല്‌കിയാല്‍ അവളെന്നെ തുണ്ടം തുണ്ടമാക്കും. നിങ്ങള്‍ എന്റെ കൂടെ വരൂ. ഞാന്‍ പരിചയപ്പെടുത്താം''. കൗണ്ടറില്‍ അധികാരഭാവത്തില്‍ നില്‌ക്കുകയായിരുന്ന ആ സ്‌ത്രീയോട് `ഭര്‍ത്താവുദ്യോഗസ്ഥ'നായ അയാള്‍ ഓഛാനിച്ച് നിന്ന് കാര്യം ഉണര്‍ത്തിച്ചു. }ഞങ്ങള്‍ പറഞ്ഞ വില ആ സ്‌ത്രീ അംഗീകരിക്കുകയും ആ വിലയ്‌ക്ക് അവ നല്‌കുകയും ചെയ്‌തു. യാതൊരു ലജ്ജയുമില്ലാതെ അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കച്ചവടതന്ത്രത്തിന്റെ ഭാഗമാണോയെന്ന് ആദ്യം ചിന്തിച്ചെങ്കിലും അത് ആ നാട്ടില്‍ നിലനില്‌ക്കുന്ന സ്‌ത്രീമേധാവിത്വ സംസ്‌കാരത്തിന്റെ ഉദാഹരണം മാത്രമായിരുന്നെന്ന് വ്യക്തമായി.
തിരികെ ബസില്‍ കയറിയ ഞങ്ങള്‍ നഗരക്കാഴ്‌ചകള്‍ വീണ്ടും നുകര്‍ന്ന് തുടങ്ങി. നമ്മുടെ റിസര്‍വ് ബാങ്കിന് സമാനമായ മലേഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്, സമാധാനഭവനം എന്നറിയപ്പെടുന്ന പോലീസ് ആസ്ഥാനമന്ദിരം എന്നിവയെല്ലാം ബസിലിരുന്ന് ഞങ്ങള്‍ കണ്ടു. ബസ് ഒരു നക്ഷത്ര റസ്റ്റോറന്റിന് മുന്നില്‍ നിര്‍ത്തി. അന്നത്തെ ഞങ്ങളുടെ ഉച്ചഭക്ഷണം ഇവിടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ലോകത്തെ എല്ലാത്തരം ഭക്ഷണവും ലഭിക്കുന്ന ആ ഹോട്ടലില്‍ ഞങ്ങള്‍ക്കായി റിസര്‍വ് ചെയ്‌തിരിക്കുന്ന മേശകളും പ്രത്യേകം തയാറാക്കിയ ഇന്‍ഡ്യന്‍ വിഭവങ്ങളും ഞങ്ങളെക്കാത്തിരിക്കുന്നു. ചൂടുള്ള സൂപ്പുമായി ഞങ്ങള്‍ ഉച്ചഭക്ഷണത്തിന് തയാറെടുത്തു. ഫ്രൈഡ് റൈസും വൈറ്റ് റൈസും കറികളും ഇന്‍ഡ്യന്‍ പായസവും റെഡി. കേരള സാമ്പാര്‍ മുതല്‍ നോര്‍ത്തിന്‍ഡ്യന്‍ പനീര്‍ വരെയുണ്ട് സമൃദ്ധമായ ആ സദ്യയില്‍.
ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്ന ഞങ്ങള്‍ ലോകപ്രശസ്‌തമായ കെ.എല്‍ ടവറിലേയ്‌ക്കാണ് പോയത്. 421 മീറ്റര്‍ അഥവാ 1381 അടി ഉയരമുള്ള ആ ഗോപുരത്തിന് മുകളില്‍ കയറണമെങ്കില്‍ 20 റിംഗിറ്റ് (ഏകദേശം 300 രൂപ) നല്‌കി പ്രത്യേക പാസ് എടുക്കേണ്ടതുണ്ട്. ഗോപുരത്തിന്റെ കൂറ്റന്‍ തൂണിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന എലിവേറ്ററിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ അതിന് മുകളിലെത്തി. ക്വലാലംപൂര്‍ സിറ്റിയുടെ വിഹഗവീക്ഷണം അതിന് മുകളില്‍ നിന്നാല്‍ ലഭ്യമാണ്. കിലോമീറ്ററുകള്‍ ദൂരെ ഞങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ പോലും അവിടെ നിന്ന് വ്യക്തമായി കണ്ടു. മുസ്ലീം സഹോദരങ്ങള്‍ക്ക് റംസാന്‍ ചന്ദ്രിക കാണുന്നതിനുള്ള നിരീക്ഷണഗോപുരം എന്ന നിലയിലും കെ.എല്‍ ടവര്‍ പ്രസിദ്ധമാണ്. ടവറിന് മുകളില്‍ വാച്ചുകളും വസ്‌ത്രങ്ങളും കരകൗശലവസ്‌തുക്കളും വില്‌ക്കുന്ന കച്ചവടക്കാരും സജീവമാണ്. ഉയരംകൂടും തോറും വിലയും ഉയരുമെന്ന സിദ്ധാന്തം അവിടെ പ്രയോഗിച്ചിരിക്കുന്നതായും തോന്നി.
(തുടരും)

മലേഷ്യന്‍ രാജകൊട്ടാരത്തിന് മുന്നിലൂടെ എഴുന്നള്ളുന്ന അശ്വാരൂഢ സേന.

രാജകൊട്ടാരത്തിന്റെ ഫോട്ടോയെടുക്കുന്ന സഞ്ചാരികള്‍.


കൊട്ടാരവാതിലില്‍ നിലയുറപ്പിച്ച അശ്വാരൂഢ സേനാംഗത്തോടൊപ്പം.

കൊട്ടാരമതില്‍ക്കെട്ടിലെ പ്രധാന കാവല്‍ക്കാരനൊപ്പം


മലേഷ്യയുടെ ദേശാഭിമാന സ്‌മാരകസ്‌തംഭത്തിന് മുന്നില്‍
