നല്ല ക്ഷീണമുണ്ടെങ്കിലും പിറ്റേന്ന് രാവിലെ ഏഴുമണിയോടെ ഉണര്‍ന്ന് തയാറായി ഒമ്പതിന് തന്നെ പ്രാതല്‍ കഴിയ്‌ക്കാന്‍ ഞങ്ങള്‍ ഹോട്ടലിന്റെ ഡൈനിംഗ് ഹാളിലെത്തി. നിരത്തി വച്ചിരിക്കുന്ന വിഭവങ്ങള്‍ക്ക് മുന്നില്‍ ആദ്യം ഏതെടുക്കണമെന്ന കണ്‍ഫ്യൂഷന്‍ മാത്രം. നൂഡില്‍സും ബ്രഡും ബട്ടറും ജാമും ഓംലറ്റും പഴങ്ങളുമെല്ലാം യഥേഷ്‌ടം എടുക്കാവുന്ന വിധത്തില്‍ നിരന്നിരിക്കുന്നു. പ്രഭാതഭക്ഷണം കഴിയ്‌ക്കാന്‍ നിരവധി യൂറോപ്യന്മാരും തങ്ങളുടെ മുറിവിട്ട് എത്തിത്തുടങ്ങി. 9.30-ന് ഔട്ടിംഗിനായി താഴെയത്തുമ്പോള്‍ യെന്‍ ഞങ്ങളെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. അത്യാവശ്യം വേണ്ടവര്‍ക്കെല്ലാം മൈ സെല്‍കോം എന്ന സെല്ലുലര്‍ കമ്പനിയുടെ സിം കാര്‍ഡുകളുമായാണ് അദ്ദേഹം എത്തിയത്.
10 റിംഗിറ്റ് മുടക്കി സിം വാങ്ങിയാല്‍ 5 റിംഗിറ്റ് ടോക്‌ടൈമുണ്ട്. രണ്ട് ദിവസം മാത്രമാണ് ഈ ടൂറിസ്റ്റ് സിം കാര്‍ഡിന്റെ കാലാവധി. ഐഡി പ്രൂഫ്, ഫോട്ടോ, അഡ്രസ് ഇവയൊന്നും ആവശ്യമില്ല. ഇന്റര്‍നാഷണല്‍ കോളുകള്‍ക്ക് പോലും ഇന്‍ഡ്യയിലേതിനേക്കാള്‍ ചാര്‍ജ് കുറവ്. തൊട്ടതിനെല്ലാം നാട്ടിലേതിനേക്കാള്‍ നാലും അഞ്ചും ഇരട്ടി വിലയിയാരുന്നതെങ്കിലും കോള്‍ ചാര്‍ജ് ഇതിനൊരപവാദമായിരുന്നു. ഞങ്ങള്‍ക്ക് ക്വലാലംപൂര്‍ സിറ്റിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള ദിവസമാണിന്ന്. അതാ ടൂറിസ്റ്റ് ബസ് പുറത്ത് ഞങ്ങളെ കാത്ത് കിടക്കുന്നു. എല്ലാവരും ബസിനുള്ളില്‍ കയറി. അത് നീങ്ങിത്തുടങ്ങി.
എ.സി കോച്ചിലെ കണ്ണാടിച്ചില്ലിലൂടെ പുറത്തേക്ക് നോക്കിയ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് വൃത്തിയുള്ള ഒരു നഗരം. ചപ്പുചവറുകളോ മാലിന്യങ്ങളോ ഒരിടത്തും കാണാനില്ല. റിംഗ്‌റോഡും ഓവര്‍ ബ്രിഡ്‌ജുകളുമായി നന്നായി ആസൂത്രണം ചെയ്‌ത ഗതാഗത സംവിധാനം. അംബരചുംബികളായ കെട്ടിടങ്ങള്‍. ഒരേ രൂപത്തില്‍ അടുത്തടുത്തായി നിര്‍മിക്കപ്പെട്ട നൂറ് കണക്കിന് ഭംഗിയുള്ള വീടുകള്‍. റോഡുകളിലൂടെ കാല്‍നടയായി പോകുന്നവരുടെ എണ്ണം തീരെ കുറവ്. ഈ സമയം ഷിജു ബസിന്റെ സ്‌പീഡോ മീറ്ററില്‍ നോക്കി ഒരു കാര്യം അറിയിച്ചു. ബസിപ്പോള്‍ 120 കിലോമീറ്റര്‍ സ്‌പീഡിലാണ് പോകുന്നത്. അത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആശ്ചര്യം. ഒഴുകുന്നതുപോലെ നീങ്ങുന്ന ബസിന് ഇത്രയും സ്‌പീഡ് ഉണ്ടെന്ന് തോന്നുന്നതേയില്ല.
അപ്പോള്‍ ബസിനെ ഓവര്‍ടേക്ക് ചെയ്‌ത് പോകുന്ന മറ്റ് വാഹനങ്ങളുടെ വേഗത എന്തായിരിക്കും. ഈ നഗരത്തില്‍ മിനിമം സ്‌പീഡ് 60 കിലോമീറ്ററാണത്രേ. ഓടുന്ന ബസിനുള്ളില്‍ എഴുന്നേറ്റ് നടക്കരുതെന്ന് യെന്‍ പലതവണ മുന്നറിയിപ്പ് നല്‌കുന്നുണ്ടായിരുന്നു. വേഗത തോന്നിയ്‌ക്കാത്ത ബസ് ബ്രേക്ക് ചെയ്‌താല്‍ മലര്‍ന്നടിച്ച് വീഴാന്‍ സാധ്യതയുണ്ട്. ഇക്കാര്യം യാത്രാവേളയിലെല്ലാം യെന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. യെന്‍ ബസിനുള്ളിലെ മൈക്രോഫോണ്‍ കൈയിലെടുത്ത് മലേഷ്യയെക്കുറിച്ച് സംസാരിയ്‌ക്കാനാരംഭിച്ചു.
തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രധാന രാജ്യങ്ങളിലൊന്നായ മലേഷ്യ 13 സംസ്ഥാനങ്ങള്‍ ചേര്‍ന്നൊരു ഫെഡറേഷനാണ്. ഭൂമിശാസ്‌ത്രപരമായി രണ്ടായി വിഭജിയ്‌ക്കപ്പെട്ടാണ് മലേഷ്യ കിടക്കുന്നത്. ഇന്ത്യയും ശ്രീലങ്കയുമായുള്ളതിനേക്കാള്‍ വളരെയേറെ അകലത്തിലാണ് കടലില്‍ രണ്ട് ഭാഗങ്ങളുടെയും സ്ഥാനം. അവയിലൊന്ന് തായ്‌ലന്‍ഡിനോടും സിംഗപ്പൂരിനോടും അതിര്‍ത്തി പങ്കിടുമ്പോള്‍ മറ്റേ ഭാഗത്തിന്റെ അതിര്‍ത്തികള്‍ ഇന്തോനേഷ്യും ബ്രൂണെയുമാണ്.
മലായ് ആണ് രാഷ്‌ട്രഭാഷ. സര്‍വസാധാരണമായി ഉപയോഗിക്കുന്ന പലവാക്കുകളിലും ഇന്‍ഡ്യന്‍ഭാഷകളുടെ സ്വാധീനം വ്യക്തമാണ്. പുത്രജയ എന്ന മലായ് പേരില്‍ കാണുന്ന മകന്‍ എന്നര്‍ഥമുള്ള പുത്രയും വിജയം എന്നര്‍ഥം വരുന്ന ജയയും ഹിന്ദി വാക്കുകളല്ലേയെന്ന് യെന്‍ ഞങ്ങളോട് ചോദിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് മലേഷ്യയില്‍ പട്ടാളക്കാരായെത്തിയ ഇന്ത്യക്കാര്‍ മലേഷ്യന്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്‌ത് ഇവിടെ താമസമുറപ്പിച്ചു. ഭാഷ, വേഷം, സംസ്‌കാരം എന്നിങ്ങനെ എല്ലാക്കാര്യങ്ങളിലും ഇന്ത്യന്‍ സ്വാധീനം ഇവിടെ കടന്ന് കൂടുകയായിരുന്നു. ബ്രസീലില്‍ നിന്നും കടല്‍ കടന്നെത്തിയ റബര്‍തൈകളാണ് മലേഷ്യയെ പ്രത്യേകിച്ച് ക്വലാലംപൂരിനെ സാമ്പത്തീകമായി രക്ഷപ്പെടുത്തിയതെന്ന് പറഞ്ഞ യെന്‍ റബറിനെക്കുറിച്ചും റബറുല്‌പന്നങ്ങളെക്കുറിച്ചും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.
ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കെ ബസ് ഒരു ലോഹ ഫാക്‌ടറിയുടെ മുന്നില്‍ നിര്‍ത്തി. ലോഹങ്ങളുപയോഗിച്ച് ചിത്രപ്പണികളുള്ള മനോഹരപാത്രങ്ങള്‍ നിര്‍മിക്കുന്ന ഫാക്‌ടറിയാണത്. ഉപഹാരങ്ങളായി നല്‌കാന്‍ കഴിയുന്ന ശില്‌പങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ഫാക്‌ടറിയില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഞങ്ങളുടെ തോള്‍ഭാഗത്തായി പ്രവേശന സ്റ്റിക്കറുകള്‍ പതിപ്പിച്ചു. ഞങ്ങള്‍ക്കെല്ലാം ഓരോ ഗ്ലാസ് ശീതളപാനീയം നല്‌കിക്കൊണ്ട് ഒരു മലേഷ്യന്‍ സുന്ദരി ഞങ്ങളെ സ്വീകരിച്ചു. വിവിധതരം ലോഹപ്പാത്രങ്ങളെക്കുറിച്ച് ഫാക്‌ടറിയിലെ ഒരു സ്റ്റാഫ് ഞങ്ങള്‍ക്ക് വിവരിച്ചുകൊണ്ടിരുന്നു. പാത്രങ്ങളില്‍ കരവേലകള്‍ ചെയ്‌തുകൊണ്ടിരുന്നവരെ ഞങ്ങള്‍ ശ്രദ്ധിച്ചു. ഏറെയും ഭാരതീയരായ വനിതകള്‍. അതില്‍ മലയാളികളുണ്ടോയെന്നും ഞങ്ങള്‍ക്ക് തോന്നി. പാത്രം വൃത്തിയാക്കുന്നതിനും മറ്റും നമ്മള്‍ വാങ്ങുന്ന സ്റ്റീല്‍ സ്‌ക്രബറുകള്‍ ഇത്തരം ഫാക്‌ടറികശില്‍ നിന്നും ചുരണ്ടിയും രാകിയും വിടുന്ന വെയ്‌സ്റ്റുകളാണെന്നും അവിടെ കൂട്ടിയിട്ടിരുന്ന ഇത്തരം സാധനങ്ങള്‍ കണ്ടപ്പോള്‍ വ്യക്തമായി. ഫാക്‌ടറി കണ്ട് കഴിഞ്ഞതോടെ അവരുടെ ഷോറുമിലേക്ക് ഞങ്ങളെ നയിച്ചു. ഗൈഡ് നേരത്തെ മുന്നറിയിപ്പ് നല്‌കിയിരുന്നത് പോലെ കനത്ത വിലയാണ് ഓരോന്നിനും. അതിനാല്‍ അവയെല്ലാം വേഗത്തില്‍ കണ്ട് തീര്‍ത്ത് ഞങ്ങള്‍ പുറത്ത് കടന്നു.
ഇനി നമ്മള്‍ പോകുന്നത് മലേഷ്യന്‍ മഹാരാജാവിന്റെ കൊട്ടാരത്തിലേയ്‌ക്കാണെന്ന് യെന്‍ പറഞ്ഞു. മലേഷ്യയുടെ പരമോന്നത് നേതാവ് രാജാവാണ്. എന്നാലും ഭരണഘടനയ്‌ക്ക് അനുസൃതമായ രാജവാഴ്‌ചയേ അനുവദിച്ചിട്ടുള്ളൂ. സയ്യിദ് സിറാജുദീന്‍ ജമാലുല്ലയാണ് ഇപ്പോഴത്തെ രാജാവ്. ആറ് ഭാര്യമാരും 24 മക്കളുമുള്ള മോശക്കാരനല്ലാത്ത ഒരു രാജാവാണ് ഇപ്പോഴത്തേതെന്നും ഗൈഡ് വ്യക്തമാക്കി. പ്രധാനമന്ത്രി അബ്‌ദുല്ല അഹമ്മദ് ബദാവിയ്‌ക്കാണ് ഭരണഘടനാപരമായി കൂടുതല്‍ അധികാരങ്ങള്‍. ബസ് കൊട്ടാരത്തിന് മുന്നിലെത്തി. കൊട്ടാരത്തിന് മുന്നിലെത്തിയതും എല്ലാവരുടെയും കണ്ണുകള്‍ അതിന് മുന്നിലുള്ള കൊടിമരത്തിലേയ്‌ക്കായിരുന്നു. രാജാവ് മലേഷ്യയിലുണ്ടെങ്കില്‍ കൊടിമരത്തില്‍ മഞ്ഞപ്പതാക ഉയര്‍ത്തിയിട്ടുണ്ടാകുമെന്ന് ഗൈഡ് നേരത്തെ പറഞ്ഞിരുന്നു. രാജാവ് രാജ്യത്തിന് വെളിയിലാണെങ്കില്‍ പതാകയുണ്ടാകില്ലത്രേ.
(തുടരും)

ഹോട്ടലിലെ പ്രഭാതഭക്ഷണമേശയില്‍

3 എലിമെന്റ്‌സ് ഹോട്ടലിലെ റിസ്‌പഷന്‍

ടിന്‍ ഫാക്‌ടറിക്കുള്ളിലേക്ക്

ടിന്‍ ഫാക്‌ടറിയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന യുവതി.





ടിന്‍ ഫാക്‌ടറിയ്‌ക്കുള്ളില്‍