Monday, September 6, 2010

മലമുകളിലെ പാര്‍ക്കിലേക്ക്‌

റ്റിജോ ജോര്‍ജ്‌ 

ഹൈലാന്‍ഡ്‌ ഹില്‍സിലെ അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലേക്ക്‌ ഞങ്ങള്‍ പ്രവേശിക്കുകയാണ്‌. കൈത്തണ്ടയില്‍ വാച്ച്‌ പോലെ കെട്ടുന്ന തരത്തിലാണ്‌ അവിടത്തെ ടിക്കറ്റ്‌. റൈഡുകളില്‍ യഥേഷ്‌ടം കയറാം. അതിവിശാലമായ ആ സ്ഥലത്ത്‌ വ്യത്യസ്‌തതയാര്‍ന്ന നിരവധി റൈഡുകളും കാണാന്‍ കഴിഞ്ഞു. ഞങ്ങളുടെ സംഘാഗംങ്ങളില്‍ പലരും റൈഡുകളില്‍ കയറുന്നതില്‍ പ്രായം മറന്നു. പാര്‍ക്കിനുള്ളിലെ ഷോപ്പിംഗ്‌ കേന്ദ്രങ്ങള്‍ ഏറെ ആകര്‍ഷകമായിത്തോന്നി. വൈകുന്നേരം അഞ്ചിന്‌ തന്നെ എല്ലാവരും തിരികെ പോകാന്‍ സമ്മേളിക്കണമെന്ന്‌ നിര്‍ദ്ദേശിച്ചിരുന്നു. 4.30 ആയപ്പോഴേക്കും കനത്ത മൂടല്‍മഞ്ഞ്‌ പുകച്ചുരുളുകള്‍ പോലെ ഉയര്‍ന്ന്‌ തുടങ്ങി.




അല്‌പസമയത്തിനുള്ളില്‍ ബസ്‌ എത്തി. നേരത്തെ ചാര്‍ട്ട്‌ ചെയ്‌തിരുന്നതിലും ഒന്നര മണിക്കൂറോളം നേരത്തെയാണ്‌ ഞങ്ങളുടെ മടക്കം. തിരികെ പോകുന്ന വഴിയില്‍ ദേശശ്രീ ഹര്‍ത്തമാസ്‌ എന്ന സ്ഥലത്ത്‌ പ്രൈഡ്‌ ഓഫ്‌ ഇന്‍ഡ്യ എന്ന ഹോട്ടലിലായിരുന്നു ഞങ്ങള്‍ക്ക്‌ അത്താഴം തയാറാക്കിയിരുന്നത്‌. ഇന്നലെ ഞങ്ങള്‍ അത്താഴം കഴിച്ച ദ ഒലിവ്‌ ട്രീ ഹോട്ടലിലെ മലയാളി ഷിന്റോയുടെ സഹോദരന്‍ അമല്‍ ആണ്‌ ഈ ഹോട്ടലിന്റെ മാനേജര്‍. തല മൊട്ടയടിച്ച്‌ ഫ്രഞ്ച്‌താടി വച്ചൊരു സുന്ദരരൂപന്‍. നോര്‍ത്തിന്‍ഡ്യന്‍ വിഭവങ്ങള്‍ക്ക്‌ പേര്‌ കേട്ട ഇവിടെ ഞങ്ങള്‍ക്കായി അമല്‍ മുന്‍കൈയെടുത്ത്‌ കേരള മീല്‍സും നെയ്‌മീന്‍ കറിയും രസവും ചൗവരി പായസവുമൊക്കെ തയാറാക്കിയിട്ടുണ്ട്‌.




സുഖമായുണ്ടതിന്റെ സംതൃപ്‌തിയുമായി ഞങ്ങള്‍ ഹോട്ടല്‍ വിട്ടിറങ്ങുമ്പോള്‍ അമല്‍ ഞങ്ങള്‍ക്കൊപ്പം പുറത്തേയ്‌ക്കിറങ്ങി. ആയുര്‍വേ ഭൂതത്താന്‍കെട്ട്‌ സെന്റര്‍ ഡയറക്‌ടര്‍ ഫാ. മാത്യു അയ്യന്‍കോലിലിനെ പുണര്‍ന്ന്‌ അമല്‍ പറഞ്ഞു. ``അച്ചാ..ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണം '' പിന്നെ തിരിഞ്ഞ്‌ ഞങ്ങളോടായി ``നിങ്ങള്‍ എല്ലാവരും പ്രാര്‍ഥിക്കണം.'' തിരികെ ബസില്‍ പോരുമ്പോള്‍ ഷോപ്പിംഗിന്‌ പറ്റിയ മെയ്‌ദീന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള ചില സ്ഥാപനങ്ങള്‍ ഗൈഡ്‌ കാട്ടിത്തന്നു. ഹോട്ടലിന്‌ മുന്നില്‍ ബസിറങ്ങിയ ചിലര്‍ നേരെ അങ്ങോട്ട്‌ വിട്ടു. ഞങ്ങള്‍ കുറച്ച്‌ പേര്‍ മുറിയില്‍ പോയി അല്‍പം വിശ്രമിച്ച ശേഷം തെരുവിലേയ്‌ക്കിറങ്ങി. നാളെ കാണാമെന്ന്‌ പറഞ്ഞ്‌ യെന്‍ മടങ്ങിയിരുന്നു. ചൈനാടൗണ്‍ മാര്‍ക്കറ്റിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമായി കുറച്ച്‌ ഷോപ്പിംഗ്‌ കൂടി നടത്തി ഞങ്ങള്‍.





തിരികെ മുറികളിലേക്ക്‌ മടങ്ങുമ്പോള്‍ നാളെ മലേഷ്യ വിടണമല്ലോയെന്ന ചെറിയൊരു വിഷമം. ഒപ്പം നാട്ടിലേയ്‌ക്ക്‌ മടങ്ങുന്നതിന്റെ ആഹ്ലാദവും. പായ്‌ക്കിംഗ്‌ രാത്രിയില്‍ തന്നെ പൂര്‍ത്തിയാക്കി. പിറ്റേന്ന്‌ പതിവിലും നേരത്തെ ഉണര്‍ന്ന്‌ തയാറായി പ്രഭാതഭക്ഷണവും കഴിച്ച്‌ താഴെയെത്തുമ്പോള്‍ ഞങ്ങളെ യാത്രയാക്കാന്‍ യെന്‍ എത്തിയിരുന്നു. ബസില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ യെന്‍ പറഞ്ഞു. ``നിങ്ങള്‍ കണ്ടത്‌ മലേഷ്യയുടെ ആകെച്ചിത്രമാണെന്ന്‌ ധരിയ്‌ക്കരുത്‌. മലേഷ്യയുടെ സമ്പന്നവശം മാത്രാമായിരുന്നു അത്‌. ഭൂരിഭാഗം വരുന്ന ഗ്രാമീണജനത ദാരിദ്രത്തിലും പ്രയാസത്തിലുമാണ്‌. ആ ചിത്രം നിങ്ങള്‍ക്ക്‌ കാണേണ്ടേ...'' അദ്ദേഹം തന്റെ പക്കലുണ്ടായിരുന്ന സി.ഡി വാഹനത്തിലെ സി.ഡി പ്ലേയറിലിട്ട്‌ പ്രദര്‍ശിപ്പിച്ചു. മലേഷ്യന്‍ ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്‌ചയായിരുന്നു ആ ലഘുചിത്രം. `മലേഷ്യയെ നിങ്ങള്‍ ഓര്‍മിക്കും എല്ലാക്കാലവും' എന്നര്‍ഥം വരുന്ന ഇംഗ്ലീഷ്‌ഗാനം പശ്ചാത്തലത്തില്‍ മുഴങ്ങി. ആയുര്‍വേ മാനേജിംഗ്‌ ഡയറക്‌ടര്‍ പി.ഒ സാബു യെന്നിനും ഷിജോയ്‌ക്കും ഔപചാരികമായി നന്ദി പറഞ്ഞു. ഞങ്ങളുടെ ഉപഹാരം ഷിജോ യെന്നിന്‌ കൈമാറി. എയര്‍പോര്‍ട്ടിന്‌ മുന്നില്‍ ബസിറങ്ങുമ്പോള്‍ യെന്‍ ഞങ്ങള്‍ ഓരോരുത്തരോടും പ്രത്യേകം യാത്ര പറഞ്ഞു.




മനസ്‌ നിറയെ മലേഷ്യന്‍ കാഴ്‌ചകളുടെ സ്‌മരണയുമായി ക്വലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങുമ്പോള്‍ നാട്ടില്‍ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരായിരുന്നു മനസില്‍. ഇന്‍ഡ്യന്‍ സമയം വൈകുന്നേരം 4.30-ന്‌ ഞങ്ങളെയും വഹിച്ചുകൊണ്ടുള്ള എയര്‍ ഏഷ്യയുടെ എ.കെ 203-ാം നമ്പര്‍ ഫ്‌ളൈറ്റ്‌ നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറങ്ങുമ്പോള്‍ ഞങ്ങളുടെ ഹൃദയം മന്ത്രിച്ചു. ``മലേഷ്യയെ ഞങ്ങള്‍ മറക്കില്ല, ഒരു കാലത്തും-ആയുര്‍വേയിലൂടെ ലഭിച്ച ഈ സൗഭാഗ്യത്തെയും.''

(അവസാനിച്ചു)

മലമുകളിലെ അമ്യൂസ്‌മെന്റ്‌ പാര്‍ക്കിന്റെ മുകള്‍ നിലയിലേക്ക്‌ എലിവേറ്ററിലൂടെ







കാസിനോ അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലെ റൈഡുകളിലൂടെ.





എയര്‍പോര്‍ട്ടിലെ വെയ്‌റ്റിംഗ്‌ ലോഞ്ചില്‍ മടക്കയാത്രയ്‌ക്ക്‌ കാത്തിരിക്കുന്ന സംഘാംഗങ്ങള്‍.

മടക്കയാത്രയില്‍ ഫ്‌ളൈറ്റിനുള്ളില്‍