പിറ്റേന്ന് രാവിലെ ഉണര്‍ന്ന് വിഭവസമൃദ്ധമായ പ്രഭാതഭക്ഷണവും കഴിഞ്ഞ് ഞങ്ങള്‍ ഹോട്ടലിന്റെ താഴത്തെ നിലയിലെത്തുമ്പോള്‍ സമായം 9.30. പുഞ്ചിരിയുമായി ഗൈഡ് യെന്‍ ഞങ്ങളെ അഭിവാദ്യം ചെയ്‌തു. ബസ് നീങ്ങിത്തുടങ്ങിയപ്പോള്‍ യെന്‍ ചെറിയൊരു മോട്ടിവേഷന്‍ ക്ലാസ് നടത്തി. എല്ലാ മതങ്ങളുടെയും അന്തസത്തയും സാരാംശവും ഒന്നാണെന്ന് ബൈബിളും ഖുറാനും ബുദ്ധമതഗ്രന്ഥവും ഉദ്ധരിച്ച് അദ്ദേഹം പറയാനാരംഭിച്ചു. ഇടതുകൈയിലെ ചൂണ്ടുവിരലിന്റെ നീളം നിമിഷങ്ങള്‍ക്കുള്ളില്‍ വര്‍ധിപ്പിക്കാനുള്ള വിദ്യ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു.
പ്രചോദന പരിശീലകന്‍ എന്നനിലയില്‍ പേരെടുത്ത യെന്‍ മൂന്ന് വര്‍ഷം മുമ്പാണ് ലൈസന്‍സ് സമ്പാദിച്ച് ടൂറിസ്റ്റ് ഗൈഡായത്. മലേഷ്യന്‍ മഴക്കാടുകളിലൂടെ 11 മണിക്കൂര്‍ നീളുന്ന ട്രക്കിംഗ് യെനിന്റെ നേതൃത്വത്തില്‍ പതിവായി നടക്കുന്നുണ്ട്. ഒന്നര മണിക്കൂര്‍ നീളുന്ന പ്രചോദനക്ലാസും ഈ പാക്കേജിലുണ്ട്. പ്രശസ്‌തമായ ചിലിംഗ് വെള്ളച്ചാട്ടത്തിന് സമീപമാണ് ഈ ട്രക്കിംഗ് അവസാനിക്കുന്നത്. ഇത്തരമൊരു ട്രക്കിംഗ് കഴിഞ്ഞെത്തിയ ഉടനെയാണ് അദ്ദേഹം 26-ാം തീയതി ഞങ്ങളെ കൂട്ടാന്‍ ക്വലാലംപൂര്‍ എയര്‍പോര്‍ട്ടിലെത്തിയത്. സിലിന്‍ഡറില്‍ നിറച്ച വായുവുമായി കടലിനടിയില്‍ ചെന്ന് ശ്വസിക്കുന്ന സ്‌കൂബാ ഡൈവിംഗില്‍ യോഗ്യത കരസ്ഥമാക്കിയ ഇദ്ദേഹത്തിന്റെ പ്രധാന വിനോദങ്ങള്‍ നീന്തല്‍, മത്സ്യബന്ധനം, വായന എന്നിവയാണ്.
മലേഷ്യന്‍ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഡിപ്ലോമ, ബി.ജി.എഫ് കൗണ്‍സലിംഗ് കോഴ്‌സ്, മൈന്‍ഡ് സയന്‍സ് കോഴ്‌സ്, ബ്രഹ്മകുമാരി രാജയോഗ, വിപാസന മെഡിറ്റേഷന്‍, ക്യൂ ഗോംഗ്, സ്‌കൂബാ ഡൈവിംഗ് എന്നീ കോഴ്‌സുകളില്‍ ഈ അമ്പത്താറുകാരന്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. ഏഴ് തവണ മരണത്തെ താന്‍ മുഖാമുഖം കണ്ടതായും ആശുപത്രികളില്‍ തീവ്രവേദനയനുഭവിച്ച് കഴിയുന്ന രോഗികളില്‍ മരുന്നിന്റെ സഹായമില്ലാതെ വേദന കുറച്ച് കൊടുക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാറുണ്ടെന്നും യെന്‍ പറഞ്ഞു. ബൈബിള്‍, ഖുറാന്‍, ഭഗവത്‌ഗീത എന്നിവ താന്‍ പതിവായി വായിക്കുമെന്നും യെന്‍ വ്യക്തമാക്കി.
നഗരവീഥികളിലൂടെ അതിവേഗം ഒഴുകിപ്പായുന്ന ബസിലിരുന്ന് ഞങ്ങള്‍ പുറത്തേക്ക് നോക്കി. അത്‌പസമയത്തിനുള്ളില്‍ ബസ് പ്രസിദ്ധമായ ബാടു ഗുഹകള്‍ക്ക് സമീപമെത്തും. മലേഷ്യിലെ പ്രശസ്‌തമായൊരു ടൂറിസ്റ്റ് കേന്ദ്രമാണത്. ക്വലാലംപൂര്‍ സിറ്റിയില്‍ നിന്ന് 13 കിലോമീറ്റര്‍ വടക്കുമാറി ഗോംപാക് ജില്ലയിലാണിത് സ്ഥിതി ചെയ്യുന്നത്. ബസില്‍ നിന്ന് നോക്കുമ്പോള്‍ ദൂരെ നിന്നേ കൂറ്റന്‍ ചുണ്ണാമ്പു പാറക്കെട്ടുകള്‍ കാണാന്‍ കഴിഞ്ഞു. അവയ്‌ക്ക് താഴെയായി ഞങ്ങള്‍ ബസിറങ്ങുമ്പോള്‍ ഒട്ടേറെ ടൂറിസ്റ്റ് ബസുകള്‍ അവിടെ എത്തിയിരുന്നു. കുത്തനെയുള്ള പടവുകള്‍ കയറി ഉയരത്തിലെത്തിയാല്‍ കാണുന്നത് പ്രകൃതിയുടെ മനോഹരകരവിരുതാണ്. ഒപ്പം മനുഷ്യനിര്‍മിതമായ രമ്യശില്‌പങ്ങളും. മനം കുളിര്‍പ്പിച്ച ഈ കാഴ്‌ച കണ്ടപ്പോള്‍ കല്‌പടവുകള്‍ കയറിയതിന്റെ ക്ഷീണവും കിതപ്പുമെല്ലാം മാറി. ചുണ്ണാമ്പുകല്ലുകള്‍ കൊണ്ട് നിറഞ്ഞ കൂറ്റന്‍ പാറക്കെട്ടിനുള്ളില്‍ ഗുഹകളുടെയും ഗുഹാക്ഷേത്രങ്ങളുടെയും ഒരു പരമ്പര തന്നെ ഉണ്ടായിരുന്നു. ഭാരതത്തിന് വെളിയിലുള്ള മുരുകക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്‌തമാണിത്. മലേഷ്യയിലെ തമിഴ്‌ജനതയുടെ സ്വാധീനമേഖലകൂടിയാണിത്. അവിടെയുള്ള വ്യാപാരസ്ഥാപനങ്ങളിലും തമിഴര്‍ക്ക് തന്നെയാണ് മേധാവിത്വം.
അവിടെ നിന്നും ഞങ്ങളെയും കൊണ്ട് ഒരു വാച്ച് നിര്‍മാണഫാക്‌ടറിയിലേക്ക് പോകാനായിരുന്നു ഗൈഡിന്റെ പരിപാടി. വൈകുന്നേരം ഷോപ്പിംഗിനായി അല്‌പസമയം കൂടി വേര്‍തിരിക്കണമെന്നതിനാല്‍ ഭൂരിപക്ഷാഭിപ്രായത്തെത്തുടര്‍ന്ന് അത് റദ്ദ് ചെയ്‌ത് അടുത്ത കേന്ദ്രമായ ഹൈലാന്‍ഡ് ഹില്‍സിലേയ്‌ക്ക് ബസ് പുറപ്പെട്ടു. സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആ മനോഹരപ്രദേശത്തേക്ക് ബസ് നീങ്ങി. കയറ്റം കയറുന്നതിന്റെ പ്രയാസങ്ങളോ കൊടുംവളവുകളോ ഒന്നുമില്ലാതെയാണ് റോഡ് നിര്‍മാണരീതി. ആവശ്യത്തിലേറെ വീതിയുമുണ്ട് ആ റോഡിന്. ബസ് കുന്നിന്റെ നിറുകയിലെത്തി. മനോഹരമായൊരു അമ്യൂസ്‌മെന്റ് പാര്‍ക്കാണ് അവിടെ കാണുന്നത്. അവിടെയുള്ള ഒരു വലിയ റസ്റ്റോറന്റിലായിരുന്നു ഞങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയിരുന്നത്. രുചികരമായ ഭക്ഷണസാധനങ്ങളുടെയും വിവിധതരം പഴങ്ങളുടെയും ഫ്ര്യൂട്ട് ജ്യൂസുകളുടെയും ഇന്‍ഡ്യന്‍ കേസരി ഉള്‍പ്പെടെയുള്ള പലഹാരങ്ങളുടെയും ഒരു വലിയ നിര. അവ യഥേഷ്‌ടം എടുത്ത് കഴിയ്‌ക്കാം. ഭക്ഷണസാധനങ്ങളുടെ വൈവിധ്യത്തെ വിശേഷിപ്പിക്കാന്‍ `വിഭവസമൃദ്ധം' എന്ന വാക്ക് മതിയാകില്ലെന്ന് തോന്നി. അവിടെ നിന്നും ഞങ്ങള്‍ ഗൈഡിന്റെ നേതൃത്വത്തില്‍ പുറത്തേക്കിറങ്ങി. വഴി തെറ്റാതിരിക്കാന്‍ ചെറിയൊരു മലേഷ്യന്‍ പതാകയും മുന്നില്‍ പിടിച്ചാണ് ചുറുചുറുക്കോടെ യെന്‍ നടക്കുന്നത്. യു.എസ് പതാകയോട് സാമ്യമുള്ളതാണ് മലേഷ്യയുടെ ദേശീയ പതാക. യു.എസ് പതാകയിലെ നക്ഷത്രങ്ങളുടെ സ്ഥാനത്ത് ഇതില്‍ സുര്യനും ചന്ദ്രക്കലയുമാണെന്ന് മാത്രം.
(തുടരും)
![]() |
മലേഷ്യന്‍ ടൂറിസ്റ്റ് ഗൈഡ് യെന്നുമൊത്ത് ലേഖകന്‍. |
![]() |
ചുണ്ണാമ്പുപാറക്കെട്ടും ബാടുഗുഹകളിലേക്കുള്ള കല്‌പടവുകളും അതിന് മുന്നിലെ വലിയ പ്രതിമയും |
![]() |
ബാടു താഴ്‌വരയിലെ പ്രാവിന്‍കൂട്ടത്തിന് നടുവില്‍ |
![]() |
ഹൈലാന്‍ഡ് ഹില്‍സിലെ റസ്റ്റോറന്റില്‍ ഒരുക്കിയിരിക്കുന്ന ഉച്ചഭക്ഷണത്തട്ട്. |
![]() |
2500 അടി ഉയരമുള്ള ഹൈലാന്‍ഡ് ഹില്‍സിന് മുകളില്‍ നിന്നുള്ള താഴ്‌വാരദൃശ്യം. |
![]() |
ഹൈലാന്‍ഡ് ഹില്‍സിലെ റസ്റ്റോറന്റിന്റെ സ്വാഗത കമാനത്തിന് മുന്നില്‍ |