Monday, September 6, 2010

സാമ്പിള്‍ സൗജന്യമാണ്‌ !

റ്റിജോ ജോര്‍ജ്‌

കെ.എല്‍ ടവറില്‍ നിന്നും ഞങ്ങള്‍ ബസില്‍ കയറി. പിന്നീട്‌ എത്തിയത്‌ ഒരു ചോക്ലേറ്റ്‌ ഫാക്‌ടറിയിലാണ്‌. അവിടെയും തോളില്‍ സ്റ്റിക്കര്‍ ഏറ്റുവാങ്ങി ഞങ്ങള്‍ അകത്ത്‌ പ്രവേശിച്ചു. കൊക്കോക്കായ പറിച്ചെടുക്കുന്നത്‌ മുതല്‍ ചോക്ലേറ്റ്‌ ആകുന്നത്‌ വരെയുള്ള ഘട്ടങ്ങള്‍ ചിത്രങ്ങളുടെ സഹായത്തോടെ ഒരാള്‍ വിവരിച്ചുതന്നു. അവിടെ നിന്നും മറ്റൊരു ഹാളിലേക്ക്‌ നീങ്ങിയ ഞങ്ങള്‍ കരുതിയത്‌ അത്‌ ഫാക്‌ടറിയാണെന്നാണ്‌. എന്നാല്‍ വിവിധ തരം ചോക്ലേറ്റുകള്‍ നിരത്തി വച്ചിരിക്കുന്ന വില്‌പനശാലയായിരുന്നു അത്‌. മധുരവും കൊളസ്‌ട്രോളുമില്ലാത്ത ചോക്ലേറ്റുകള്‍ മുതല്‍ വൈവിധ്യമാര്‍ന്ന ടോഫികളും വേഫറുകളും അവിടെ വില്‌പനയ്‌ക്ക്‌ നിരത്തിയിരിക്കുന്നു.




ചില ഇനങ്ങളുടെയും സാമ്പിളുകള്‍ ഞങ്ങള്‍ക്ക്‌ രുചി നോക്കുവാന്‍ തന്നു. കനത്ത വിലയായതിനാല്‍ കാശ്‌ കൊടുത്ത്‌ വാങ്ങാന്‍ ആരും തയാറായില്ല. ഫാക്‌ടറിയ്‌ക്ക്‌ പുറത്തിറങ്ങിയതും അതാ റോഡിന്‌ എതിര്‍വശത്ത്‌ നിന്നും വിവിധതരം പഴങ്ങള്‍ നിരത്തി വച്ച ഒരു ഉന്തുവണ്ടി പാഞ്ഞുവരുന്നു. ഒരു ബൈക്ക്‌ അതുമായി ഘടിപ്പിച്ചിരിക്കുന്നു. ബൈക്ക്‌ ഓടിയ്‌ക്കുന്നത്‌ ഒരു വനിതയാണ്‌. ഞങ്ങളെ അവര്‍ പഴങ്ങള്‍ വാങ്ങാന്‍ ക്ഷണിച്ചു. ഗ്രീന്‍ ആപ്പിളും റമ്പൂട്ടാനും മാംഗോസ്റ്റിനുമൊക്കെ വണ്ടിയിലുണ്ട്‌. സാമാന്യം വലിപ്പമുള്ള റമ്പൂട്ടാന്‍ പഴങ്ങള്‍ ഓരോന്ന്‌ ആദ്യം കൈനീട്ടിയ എട്ടു പത്ത്‌ പേര്‍ക്ക്‌ അവര്‍ രുചിക്കാന്‍ നല്‌കി. സാമ്പിള്‍ കിട്ടാത്തവര്‍ കൈനീട്ടിയപ്പോള്‍ സൗജന്യം നിര്‍ത്തിയെന്നും ഇനി പണം കൊടുത്ത്‌ വാങ്ങണണെന്നും അവര്‍ വ്യക്തമാക്കി. പഴങ്ങളുടെ വില കേട്ട്‌ ഭയന്ന്‌ എല്ലാവരും തിരിച്ച്‌ നടക്കുന്നതിനിടെ അവര്‍ പഴംവണ്ടിയുമായി യാത്രയായി.




സൗജന്യ സാമ്പിളിനായുള്ള വ്യഗ്രതയെ പരാമര്‍ശിച്ച്‌ ഒരു സംഘാംഗത്തിന്റെ കമന്റ്‌. ``ഇനി നമ്മള്‍ ഒരു കീടനാശിനി നിര്‍മാണ ഫാക്‌ടറിയിലേക്കാണ്‌ പോകുന്നത്‌ '' അതുകേട്ട്‌ എല്ലാവരും ആര്‍ത്തുചിരിക്കുന്നതിനിടെ ബസ്‌ മുന്നോട്ടുനീങ്ങി. ലോകപ്രശസ്‌തമായ പെട്രോണാസ്‌ ഇരട്ട ഗോപുരത്തിന്‌ മുന്നില്‍ ബസ്‌ നിര്‍ത്തി. തായ്‌പെയ്‌ 101 എന്ന കെട്ടിടം വരുന്നത്‌ വരെ ലോകത്തിലെ ഏറ്റവും ഉയരമുള്ള മന്ദിരം ഇതായിരുന്നു. തായ്‌പെയിനെയും കടത്തി വെട്ടി ബര്‍ജ്‌ ദൂബായില്‍ ബര്‍ജ്‌ ഖാലിഫ്‌ എന്ന വിസ്‌മയഗോപുരം ഉയര്‍ന്ന്‌ കഴിഞ്ഞു. ഇവയെല്ലാം ഉണ്ടായാലും ലോകത്തിലെ ഏറ്റവും വലിയ ഇരട്ട ഗോപുരമെന്ന ബഹുമതി പെട്രോണാസിന്‌ നഷ്‌ടപ്പെട്ടിട്ടില്ല. അതിന്‌ മുന്നില്‍ നിന്ന്‌ ഫോട്ടോകളെടുത്ത്‌ അല്‌പനേരത്തെ വിശ്രമത്തിനായി എല്ലാവരും ബസില്‍ തന്നെ ഹോട്ടല്‍ മുറികളിലേക്ക്‌ മടങ്ങി.




വൈകുന്നേരം അഞ്ച്‌മണിയ്‌ക്ക്‌ ആയുര്‍വേയുടെ സ്‌പെഷ്യല്‍ കോണ്‍ഫറന്‍സ്‌ ഫൈവ്‌ എലിമെന്റ്‌സ്‌ ഹോട്ടലിന്റെ കോണ്‍ഫറന്‍സ്‌ ഹാളില്‍ എം.ഡി പി.ഒ സാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നിശ്ചയദാര്‍ഡ്യം കൈമുതലാക്കി ഒരു അവികിസിത രാജ്യമെന്ന നിലയില്‍ നിന്ന്‌ മലേഷ്യ നടത്തിയ മുന്നേറ്റത്തില്‍ നിന്ന്‌ നമുക്ക്‌ പലതും പഠിയ്‌ക്കാനുണ്ടെന്ന്‌ അദ്ദേഹം അംഗങ്ങളെ ഓര്‍മിപ്പിച്ചു. രാത്രി എട്ട്‌മണിയ്‌ക്ക്‌ മീറ്റിംഗ്‌ അവസാനിപ്പിച്ച്‌ അത്താഴം കഴിയ്‌ക്കുന്നതിനായി ഞങ്ങള്‍ മെനാറ പാപ്‌ സിങ്‌ എന്ന സ്ഥലത്തെ ദി ഒലിവ്‌ ട്രീ എന്ന ഇന്‍ഡ്യന്‍ ഹോട്ടലിലേയ്‌ക്കാണ്‌ പോയത്‌. മലയാളിയും നിലമ്പൂര്‍ സ്വദേശിയുമായ ഷിന്റോ ഹോട്ടലിന്റെ പ്രധാന ചുമതലക്കാരനാണ്‌. രുചികരമായ പഞ്ചാബി വിഭവങ്ങളാണ്‌ അന്ന്‌ ഒരുക്കിയിരുന്നതെങ്കിലും കേരളത്തനിമയുള്ള കറികളും ഞങ്ങള്‍ക്കായി തയാറാക്കിയിരുന്നു.



ഭക്ഷണം കഴിഞ്ഞ്‌ തിരികെയെത്തിയ ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതനുസരിച്ച്‌ ഷോപ്പിംഗിനിറങ്ങി. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്‌ ക്വലാലംപൂരിലെ അറിയപ്പെടുന്ന ഷോപ്പിഗ്‌ കേന്ദ്രമായ ചൈനാടൗണിലായിരുന്നു. എല്ലാവരും പല ഗ്രൂപ്പുകളായി തിരിഞ്ഞ്‌ ചൈനാടൗണ്‍ മാര്‍ക്കറ്റിലേക്ക്‌ നീങ്ങി. രാത്രി 11 വരെയാണ്‌ മാര്‍ക്കറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌. ക്വലാലംപൂരിലെ വില കണക്കാക്കിയാല്‍ താരതമ്യേന വിലക്കുറവ്‌ എന്ന്‌ പറയാമെങ്കിലും എല്ലാ ഉത്‌പന്നങ്ങള്‍ക്കും നമ്മുടെ നാട്ടിലേതിനേക്കാള്‍ മൂന്നിരട്ടി വിലയായിരുന്നു അവിടെ. വില പേശി വാങ്ങിയില്ലെങ്കില്‍ നഷ്‌ടം ഇരട്ടിയാകുമെന്ന്‌ മാത്രം. മലേഷ്യക്കാരും തായ്‌ലന്‍ഡുകാരുമാണ്‌ വ്യാപാരികളിലേറെയും. യുവതികള്‍ ചുറുചുറുക്കോടെ വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്നതും കാണാന്‍ കഴിഞ്ഞു. ഒരാള്‍ക്ക്‌ കഷ്‌ടി നടന്ന്‌ പോകാന്‍ കഴിയുന്ന വഴിയ്‌ക്കിരുവശവും താത്‌ക്കാലികമായി കെട്ടിയുയര്‍ത്തിയ കടകള്‍. പോക്കറ്റടിയും പിടിച്ചുപറിയും ഉണ്ടാകുമെന്ന ഭീഷണിയില്‍ എല്ലാവരും പഴ്‌സുകളും പോക്കറ്റുകളും പ്രത്യേകശ്രദ്ധയോടെ സൂക്ഷിച്ചു.




മാര്‍ക്കറ്റിന്‌ പുറത്തിറങ്ങിയപ്പോള്‍ സമയം രാത്രി 11 കഴിഞ്ഞു. ഇതിനകം കടകളെല്ലാം അടച്ചു തുടങ്ങി. മാര്‍ക്കറ്റില്‍ നിന്ന്‌ പുറത്തേക്കിറങ്ങുമ്പോള്‍ തട്ടുകടയിലെ ചീനച്ചട്ടികളില്‍ നിന്നും ഉയരുന്ന പുകയും ഗന്ധവും അടുത്തായി കൂട്ടിയിട്ടിരിക്കുന്ന മലേഷ്യന്‍ ചക്കയുടെ മൂക്ക്‌ തുളയ്‌ക്കുന്ന മണവും അസഹ്യമായി അനുഭവപ്പെട്ടു. പ്രധാനറോഡിലെ കടകളെല്ലാം നേരത്തെ അടച്ചിരുന്നു എങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളും ഉണ്ടായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം മദ്യവും വില്‌പനക്കുണ്ട്‌. മിനറല്‍ വാട്ടര്‍ വില്‌പനയ്‌ക്ക്‌ വച്ചിരിക്കുന്ന ലാഘവത്തോടെയാണ്‌ മദ്യക്കുപ്പികള്‍ നിരത്തിയിരിക്കുന്നത്‌. ഇവിടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും മദ്യം വില്‌പനയ്‌ക്കുണ്ട്‌. കടയില്‍ സെയില്‍മാന്‍മാര്‍ തീരെ കുറവ്‌. മോഷണം തടയാന്‍ സഹായിക്കുന്നത്‌ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ കാമറകള്‍ മാത്രം. മുമ്പ്‌ ആ കടയില്‍ മോഷണം നടത്തിയ ഒരു വിരുതന്റെ ചിത്രം കൗണ്ടറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അവനെ പിടിച്ചുകൊടുക്കുന്നവര്‍ക്ക്‌ കടയുടമ സ്വന്തം നിലയില്‍ ഇനാം പ്രഖ്യാപിച്ചിരിക്കുന്നു.




അത്യാവശ്യം പര്‍ച്ചേയ്‌സുമെല്ലാം കഴിഞ്ഞ്‌ റൂമിലെത്തുമ്പോള്‍ സമയം രാത്രി 12.30 കഴിഞ്ഞു. അന്ന്‌ കണ്ട മലേഷ്യന്‍ കാഴ്‌ചകളുടെ മധുരമൂറുന്ന ഓര്‍മകളുമായി കിടന്നുറങ്ങി.

(തുടരും) 
റസ്റ്റോറന്റില്‍ ഒരുക്കിയിരിക്കുന്ന ഉച്ചഭക്ഷണത്തട്ട്‌.

ചൈനാ ടൗണ്‍ മാര്‍ക്കറ്റില്‍ രാവിലെ സാധനങ്ങള്‍ നിരത്തി കച്ചവടത്തിന്‌ തയാറെടുക്കുന്ന വ്യാപാരികള്‍.


ഹോട്ടല്‍മുറിയ്‌ക്കുള്ളില്‍

അല്‌പനേരം വിശ്രമം. ടി.കെ അനില്‍കുമാര്‍, എം.ഒ ജോസ്‌, ആയുര്‍വേ ലിമിറ്റഡ്‌ ചെയര്‍മാന്‍ വേണുഗോപാലന്‍, ഫാ. മാത്യു അയ്യന്‍കോലില്‍ സി.എം.ഐ എന്നിവര്‍ക്കൊപ്പം.

ആയുര്‍വേ ബിസിനസ്‌ മാനേജര്‍മാരായ എം.ഒ ജോസ്‌, ടി.ജെ ജോയി , മാനേജിംഗ്‌ ഡയറക്ടര്‍ പി.ഒ സാബു(നില്‍ക്കുന്നത്‌) എന്നിവര്‍ക്കൊപ്പം.