Monday, September 6, 2010

ഗൈഡിന്റെ മുന്നറിയിപ്പുകളും തട്ടുകടയിലെ അത്താഴവും


റ്റിജോ ജോര്‍ജ്‌

ഞങ്ങളെ വിമാനത്താവളത്തിന്‌ വെളിയില്‍ കൊണ്ടുപോകുന്നതിനായി ഹൈടെക്‌ എ.സി ബസ്‌ കാത്ത്‌കിടക്കുന്നുണ്ടായിരുന്നു. ലഗേജുകള്‍ അതിനായുള്ള അറയില്‍ അടുക്കി വച്ച്‌ എല്ലാവരും ബസിനുള്ളില്‍ കയറി. അത്‌ നീങ്ങിത്തുടങ്ങി. ക്വലാലംപൂര്‍ നഗരത്തിലൂടെ പ്രയാണം ചെയ്യുന്ന ബസിലിരുന്ന്‌ പുറത്തെ കാഴ്‌ചകള്‍ ആസ്വദിക്കുകയായിരുന്നു ഞങ്ങള്‍. ``ഹാപ്പി ഇവനിംഗ്‌''. മലേഷ്യന്‍ ഗൈഡ്‌ യെനിന്റെ അഭിവാദനം ഞങ്ങളെ വിളിച്ചുണര്‍ത്തി. യെന്‍ എന്നാണ്‌ തന്റെ പേര്‌ എങ്കിലും ഹാപ്പി എന്നാണ്‌ ടൂറിസ്റ്റുകളുടെ ഇടയില്‍ താന്‍ അറിയപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു. ഹാപ്പി എന്ന്‌ വിളിയ്‌ക്കപ്പെടാനാണ്‌ അദ്ദേഹം ആഗ്രഹിക്കുന്നതെന്ന്‌ തോന്നി. എന്നാല്‍ ഈ രണ്ട്‌ പേരുകളെയും കടത്തി വെട്ടുന്നതായിരുന്നു ആയുര്‍വേ ബിസിനസ്‌ മാനേജര്‍ ടി.ജെ ജോയി അദ്ദേഹത്തിന്‌ നല്‌കിയ `ചാംങ്‌ ചൂങ്‌ ചിങ്‌ ' എന്ന പേര്‌. ഇവിടെയും ആയുര്‍വേ കുടുംബാംഗങ്ങള്‍ തങ്ങളുടെ ഐക്യം തെളിയിച്ചു. എളുപ്പത്തില്‍ ഉച്ചരിക്കാവുന്ന രണ്ട്‌ നാമങ്ങള്‍ ഉണ്ടായിട്ടും വിഷമം പിടിച്ച ഈ പുതിയ പേരിലാണ്‌ നാല്‌ ദിവസവും യെന്‍ അറിയപ്പെട്ടത്‌.





ബസിനുള്ളില്‍ വച്ച്‌ യെന്‍ നല്‌കിയ ചില മുന്നറിയിപ്പുകള്‍ എല്ലാവരെയും അല്‌പമൊന്ന്‌ ഭയപ്പെടുത്തി. തട്ടിപ്പുകാരും പിടിച്ചുപറിക്കാരും നിറഞ്ഞ പട്ടണമാണ്‌ ക്വലാലംപൂര്‍ എന്നതിനാല്‍ ഈ രാജ്യം വിട്ട്‌പോകുന്നത്‌ വരെ എല്ലാവരും വളരെ കരുതലോടെയായിരിക്കണം എന്നതായിരുന്നു ആ മുന്നറിയിപ്പ്‌. പോലീസ്‌ എന്ന്‌ സ്വയം പരിചയപ്പെടുത്തി പാസ്‌പോര്‍ട്ട്‌ കാണിയ്‌ക്കാനാവശ്യപ്പെട്ട ശേഷം പാസ്‌പോര്‍ട്ടുമായി ഓടിക്കളയുന്ന വിരുതന്മാരും ഇന്‍ഡ്യന്‍ കറന്‍സി എങ്ങിനെയാണിരിക്കുന്നതെന്ന്‌ ഒന്ന്‌ കാണിച്ചുതരാമോ എന്ന്‌ ആവശ്യപ്പെട്ട ശേഷം പഴ്‌സ്‌ എടുക്കുമ്പോള്‍ അത്‌ തട്ടിയെടുത്ത്‌ മുങ്ങുന്ന പര്‍ദ്ദയിട്ട തട്ടിപ്പുകാരും ഇവിടെ ധാരാളമുണ്ടത്രേ. ഈ തട്ടിപ്പുകാരിലേരെയും ഇന്ത്യക്കാരായ തമിഴന്മാരാണെന്ന്‌ കേട്ടപ്പോള്‍ ലജ്ജ തോന്നാതിരുന്നില്ല. നക്ഷത്രഹോട്ടലാണെങ്കിലും കാഴ്‌ചകള്‍ കാണാന്‍ പുറത്തേക്ക്‌ പോകുമ്പോള്‍ പാസ്‌പോര്‍ട്ടും ടിക്കറ്റുമൊന്നും മുറിയില്‍ വയ്‌ക്കുന്നത്‌ സുരക്ഷിതമല്ലെന്ന്‌ ടൂര്‍ ഓപ്പറേറ്ററായ ഷിജോ വ്യക്താമാക്കുക കൂടി ചെയ്‌തതോടെ അവശേഷിക്കുന്ന ധൈര്യം കൂടി പലരിലും ഇല്ലാതായി. ആഹ്‌ളാദവേളയില്‍ സ്വയം മറക്കാതിരിക്കാന്‍ ഈ മുന്നറിയിപ്പുകള്‍ നല്‌കേണ്ടത്‌ വഴികാട്ടികള്‍ എന്ന നിലയില്‍ അവരുടെ കടമയാണല്ലോ. ദൈവാനുഗ്രഹത്താല്‍ അനിഷ്‌ടസംഭവങ്ങളൊന്നും ഉണ്ടായതുമില്ല.





മലേഷ്യയില്‍ പ്രത്യേകിച്ച്‌ ക്വലാലംപൂരില്‍ തമിഴ്‌ സാന്നിധ്യം ശക്തമാണ്‌. ടാക്‌സിഡ്രൈവര്‍മാര്‍, വ്യാപാരികള്‍, പ്രൊഫഷണലുകള്‍ എന്നിവയിലെല്ലാം ധാരാളം തമിഴ്‌നാട്ടുകാരെ കാണാന്‍ കഴിഞ്ഞു. നാല്‌ദിവസവും ഞങ്ങളുടെ ബസ്‌ ഡ്രൈവ്‌ ചെയ്‌തത്‌ ഒരു തമിഴനാണ്‌. മലേഷ്യയുടെ ചരിത്രം യെന്‍ മൈക്കിലൂടെ വിവരിയ്‌ക്കാനൊരുങ്ങിയപ്പോള്‍ തങ്ങളെല്ലാവരും ക്ഷീണിതരാണെന്നും ചരിത്രം നാളെ ശ്രവിക്കാമെന്നും മലയാള പരിഭാഷകനായ ഷിജോ അറിയിച്ചതോടെ യെന്‍ സീറ്റിലേയ്‌ക്ക്‌ മടങ്ങി. എല്ലാവരും സെല്‍ഫോണിലും വാച്ചിലും മലേഷ്യന്‍ സമയമാക്കണമെന്നും രാവിലെ 7.30-ന്‌ ഉണര്‍ന്ന്‌ ഒമ്പതിന്‌ ബ്രേക്ക്‌ഫാസ്റ്റ്‌ കഴിച്ച്‌ പത്തിന്‌ ഒട്ടിംഗിനായി ഒരുങ്ങണമെന്നും ഷിജോ നിര്‍ദ്ദേശം നല്‌കുന്നതിനിടെ ബസ്‌ ഹോട്ടലിന്‌ മുന്നിലെത്തി. ബസില്‍ നിന്നിറങ്ങുമ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ വന്ന മാറ്റം പലരും ശ്രദ്ധിച്ചു. ഇനിയുള്ള ഡ്രൈവിംഗിനായി സീറ്റിലിരിക്കുന്നത്‌ ഒരു തമിഴ്‌സുന്ദരിയാണ്‌. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വനിതകള്‍ ബഹുമാനത്തോടെ അവളെ പരിചയപ്പെടാന്‍ തിടുക്കം കൂട്ടി.





ഞങ്ങള്‍ക്ക്‌ താമസസൗകര്യമൊരുക്കിയിരുന്നത്‌ ക്വലാലംപൂരിലെ ചൈനാ ടൗണിനടുത്തുള്ള പ്രമുഖ ത്രീസ്റ്റാര്‍ ഹോട്ടലായ `ഫൈവ്‌ എലിമെന്റ്‌സി'ലായിരുന്നു. ഫ്‌ളൈറ്റില്‍ കയറുന്നതിന്‌ മുമ്പ്‌ ഉച്ചഭക്ഷണവും വൈകുന്നേരം ഫ്‌ളൈറ്റില്‍ ചിക്കന്‍ റൈസും കഴിച്ചിരുന്നതിനാല്‍ ഇനിയൊരു അത്താഴം വേണ്ടെന്ന്‌ പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ വിശപ്പുള്ളവര്‍ ഏറെയായിരുന്നു. ബാഗുകള്‍ റൂമുകളില്‍ കൊണ്ടുവച്ച്‌ അവര്‍ ആയുര്‍വേ എം.ഡി പി.ഒ സാബുവിന്റെ നേതൃത്വത്തില്‍ അടുത്ത മലേഷ്യന്‍ തട്ടുകടയിലേക്ക്‌ യാത്രയായി. തട്ടുകടയാണെങ്കിലും രണ്ട്‌ ടെലിവിഷനുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നു. രണ്ടിലും സീ ചാനല്‍. അതില്‍ പഴയൊരു ഹിന്ദി ചിത്രത്തിലെ ഫൈറ്റ്‌സീന്‍ തകര്‍ക്കുകയാണ്‌. എല്ലാവര്‍ക്കും വെജിറ്റബിള്‍ ഫ്രൈഡ്‌റൈസ്‌ ഓര്‍ഡര്‍ ചെയ്‌തു. മലേഷ്യന്‍ മസാലയില്‍ തയാര്‍ ചെയ്‌ത ഫ്രൈഡ്‌റൈസിന്‌ നല്ല രുചി തോന്നി.




ഭക്ഷണം കഴിച്ച്‌ പുറത്തിറങ്ങുമ്പോഴാണ്‌ മുന്‍വശത്തുള്ള മറ്റൊരു പെട്ടിക്കട ടി.ജെ ജോയിയുടെശ്രദ്ധയില്‍ പെട്ടത്‌. ഈര്‍ക്കിലില്‍ കോര്‍ത്ത ചില `ഭക്ഷ്യവസ്‌തുക്കള്‍ `അവിടെ മനോഹരമായി അടുക്കി വച്ചിരിക്കുന്നു. പല്ലി മുതല്‍ കോഴിയുടെ ആന്തരാവയവങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്‌. കോഴിയുടെ ഹൃദയങ്ങള്‍ ഈര്‍ക്കിലില്‍ കോര്‍ത്ത്‌ വച്ചത്‌ ജോയി രണ്ട്‌ സെറ്റ്‌ ഓര്‍ഡര്‍ ചെയ്‌തപ്പോള്‍ എം.ഡി മുന്നറിയിപ്പ്‌ നല്‌കി. `` ഒരെണ്ണം വാങ്ങി കഴിച്ചുനോക്കിയിട്ട്‌ മതി''. ~ഒരു സെറ്റില്‍ തന്നെ അഞ്ചെണ്ണം ഉണ്ടായിരുന്നു. എല്ലാവര്‍ക്കും കഴിയ്‌ക്കാമല്ലോ എന്ന്‌ പറഞ്ഞ്‌ രണ്ടെണ്ണം എടുക്കാന്‍ ജോയി പറഞ്ഞതും മലേഷ്യക്കാരനായ കടയുടമ രണ്ട്‌ ഈര്‍ക്കിലുകളില്‍ കോര്‍ത്ത ആ സാധനം അടുപ്പിന്‌ മുകളില്‍ പതഞ്ഞ്‌ തിളയ്‌ക്കുന്ന ദ്രാവകത്തില്‍ മുക്കി അല്‍പ്പസമയത്തിനുള്ളില്‍ പൊക്കിയെടുത്തു. പ്ലാസ്റ്റിക്‌ കവറിനുള്ളില്‍ അത്‌ ഇറക്കി വച്ച്‌ അതിന്‌ മുകളിലേക്ക്‌ ടൊമാറ്റോ സോസ്‌ എന്ന്‌ തോന്നിക്കുന്ന ലായനിയും ഒഴിച്ചു.




പല്ലിയെയും പഴുതാരയെയുമൊക്കെ ഇതേ ദ്രാവകത്തിലിട്ടാണല്ലോ മുക്കിപ്പൊക്കിയെടുക്കുന്നതെന്നൊന്നും ചിന്തിയ്‌ക്കാന്‍ നിന്നില്ല. ചൂടോടെ അതിലൊന്ന്‌ ഉരിയെടുത്ത്‌ സോസില്‍ ഉരുട്ടി ജോയി സര്‍ വായിലേയ്‌ക്കിടുന്നത്‌ കൊതിയൂറുന്ന നാവോടെ എല്ലാവരും നോക്കി നിന്നു. വായില്‍ കിടക്കുന്ന വേവാത്ത മാംസക്കഷണം ചവയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ ആ മുഖത്തെ ചിരിയും സന്തോഷവുമെല്ലാം മാഞ്ഞുതുടങ്ങി. അത്‌ ഓക്കാനമായി മാറിയതോടെ അതിന്റെ ` രുചി` എല്ലാവര്‍ക്കും ബോധ്യമായി. ഒരു പരീക്ഷണത്തിന്‌ കൂടി മുതിര്‍ന്ന എം.ഡിയുടെയും അനുഭവം മറ്റൊന്നായിരുന്നില്ല.





തട്ടുകടയില്‍ ഇതെല്ലാം കൗതുകത്തോടെ നോക്കി നിന്നിരുന്ന മലേഷ്യന്‍ യുവാക്കള്‍ക്ക്‌ ഞങ്ങള്‍ മലയാളികളാണെന്ന്‌ മനസിലായി. അവിടെ നിന്നിറങ്ങുമ്പോള്‍ അവര്‍ ഞങ്ങളെ മലയാളത്തില്‍ തന്നെ നമസ്‌തേ പറഞ്ഞ്‌ യാത്രയാക്കി. ഹോട്ടലിലെ ശീതീകരിച്ച ഹൈടെക്‌ മുറിയില്‍ പട്ടുമെത്തയില്‍ സുഖസുഷ്‌പപ്‌തിയിലേയ്‌ക്കാഴുമ്പോള്‍ നാളെ മുതല്‍ കാണാനിരിക്കുന്ന മനോഹരദൃശ്യങ്ങളുടെ ഭാവനയായിരുന്നു എല്ലാവരുടെയും മനസില്‍.

(തുടരും)
ബസിനുള്ളില്‍ മൈക്കിലൂടെ നിര്‍ദേശങ്ങള്‍ നല്‌കുന്ന ടൂര്‍ ഓപ്പറേറ്റര്‍ ഷിജോ വര്‍ഗീസും മലേഷ്യന്‍ ഗൈഡ്‌ യെന്നും
കൊട്ടാരസദൃശ്യമായ ബസിനുള്ളില്‍.