കര്‍ക്കിടകമാസത്തിലെ തോരാമഴയില്‍ നിന്നൊഴിഞ്ഞ ഒരു മധ്യാഹ്നം. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന് മുന്നില്‍ ആയുര്‍വേ കുടുംബാംഗങ്ങള്‍ ചെറുസംഘങ്ങളായി വാഹനങ്ങളില്‍ എത്തിക്കൊണ്ടിരുന്നു. തെളിഞ്ഞ മാനത്ത് നിന്നും ഉച്ചസൂര്യന്റെ കിരണങ്ങള്‍ താഴേക്ക് പതിയ്ക്കുമ്പോള്‍ ഇങ്ങുതാഴെ തെളിഞ്ഞ മുഖങ്ങളില്‍ ആവേശത്തിന്റെയും ആകാംക്ഷയുടെയും പ്രസരിപ്പ്.
2010 ജൂലൈ 26-ലെ ആ മധ്യാഹ്നത്തിന് പതിവില്ലാത്ത ഒരു തിളക്കമുണ്ടെന്ന് പലര്‍ക്കും തോന്നി. മിക്കവരും ആദ്യവിദേശയാത്ര നടത്താന്‍ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു. എന്നാല്‍ ഏറെപ്പേരും ആദ്യ വിമാനയാത്രയുടെ ത്രില്ലിലും. സമയം 2.25. നിറഞ്ഞ ചിരിയുമായി ആയുര്‍വേ ആയുര്‍വേദിക് ഹെല്‍ത്ത് സെന്റര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ പി.ഒ സാബുവും ചെയര്മാന് ടി.എം വേണുഗോപാലനും കാറില്‍ വന്നിറങ്ങിയപ്പോള്‍ കാത്ത് നിന്ന ആയുര്‍വേ കുടുംബാംഗങ്ങള്‍ സ്റ്റാര്‍ മാനേജര്‍മാരായ എം.ഒ ജോസിന്റെയും ടി.ജെ ജോയിയുടെയും നേതൃത്വത്തില്‍ അവരെ സന്തോഷത്തോടെ വരവേറ്റു. ഇവര്‍ക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25 പേരാണ് ആയുര്വേയില് നിന്നും സംഘത്തിലുണ്ടായിരുന്നത്.
കൊച്ചിയിലെ ഹോളിഡേ പ്ലാനറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ ഷിജോ വര്‍ഗീസാണ് ഞങ്ങളുടെ സംഘത്തെ നയിക്കുന്നത്. അദ്ദേഹം നേരത്തെ തന്നെ എത്തിച്ചേര്‍ന്നിരുന്നു. യാത്രാരേഖകള്‍, ഹാന്‍ഡ്ബാഗ്, ലഗേജ് എന്നിവയുടെ പരിശോധനയും സുരക്ഷാപരിശോധനകളുമെല്ലാം കഴിഞ്ഞ് ഞങ്ങള്‍ ഒന്നാംനിലയിലെ വെയ്റ്റിംഗ് ലോഞ്ചിലെത്തുമ്പോള്‍ സമയം നാല് മണി. മലേഷ്യന്‍ കറന്‍സിയായ റിംഗിറ്റ് എല്ലാവരും നേരത്തെ സംഘടിപ്പിച്ച് കരുതി വച്ചിരുന്നു. ഒരു റിംഗിറ്റ് ലഭിക്കാന്‍ 15 രൂപയിലേറെ ചെലവാകും.
ഞങ്ങള്‍ക്ക് പോകാനുള്ള എയര്‍ ഏഷ്യ വിമാനം വൈകുന്നേരം അഞ്ച് മണിക്ക് പറന്നുയരുമെന്നാണ് അറിയിച്ചിരുന്നത്. 4.30 ആയപ്പോള്‍ യാത്രക്കാരോട് തയ്യാറായിരിക്കാനുള്ള നിര്‍ദേശം ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. 4.40-ന് എല്ലാവരും വിമാനത്തിനുള്ളില്‍ പ്രവേശിച്ച് ഇരിപ്പിടങ്ങള്‍ കരസ്ഥമാക്കി, സീറ്റ്ബെല്‍റ്റുകള്‍ മുറുക്കി പറന്നുയരുന്ന നിമിഷങ്ങള്‍ക്കായി കാത്തിരുന്നു. ആയുര്‍വേയിലൂടെ ലഭിച്ച അസുലഭ ഭാഗ്യത്തെയോര്‍ത്ത് ദൈവത്തിന് നന്ദിപറഞ്ഞ് പ്രാര്ഥിക്കുകയായിരുന്നു പലരുമപ്പോള്‍. നിമിഷങ്ങള്‍ ഇഴഞ്ഞ് നീങ്ങി. കൃത്യം അഞ്ച് മണിക്ക് തന്നെ വിമാനം പുറപ്പെടുന്നതിനുള്ള അറിയിപ്പ് മുഴങ്ങി. സീറ്റ്ബെല്‍റ്റ്, ലൈഫ് ജാക്കറ്റ് എന്നിവ ധരിക്കുന്നത് സംബന്ധിച്ച പതിവ് നിര്‍ദ്ദേശം മലേഷ്യന്‍ സുന്ദരികളായ എയര്‍ഹോസ്റ്റസുമാര്‍ ആംഗ്യഭാഷയിലൂടെ അറിയിച്ചുകൊണ്ടിരിക്കെ വിമാനം റണ്‍വേയിലൂടെ പതുക്കെ നീങ്ങിത്തുടങ്ങി.
അല്പസമയത്തിനുള്ളില് വേഗം പ്രാപിച്ച് അത് റണ്‍വേ വിട്ട് കുതിച്ചുയര്‍ന്നു.
ജനാലച്ചില്ലിലൂടെ താഴേയ്ക്ക് നോക്കുന്നോള് അതാ റോഡുകളും വയലുകളും പുഴകളുമെല്ലാം അങ്ങ് താഴെ ചെറുതായിത്തീരുന്നു. താഴെ നിന്ന് നോക്കുമ്പോള്‍ ചെമ്മരിയാട്ടിന്‍ കൂട്ടങ്ങളെപ്പോലെ തോന്നിക്കുന്ന വെണ്മേഘങ്ങളെ തുളച്ചുകീറി ഞങ്ങള്‍ ഉയരങ്ങളിലെത്തിക്കഴിഞ്ഞു. അന്തരീക്ഷത്തില്‍ ഒഴുകിനടക്കുന്ന പഞ്ഞിക്കെട്ടുകള്‍ പോലെയായിരുന്നു അങ്ങ് താഴെ മേഘങ്ങള്‍. ഞങ്ങളെയും വഹിച്ചുകൊണ്ടുള്ള എ.കെ 204 നമ്പര്‍ ഫ്ളൈറ്റ് കേരളാതിര്‍ത്തിയും തമിഴ്നാടും വിട്ട് ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂര്‍ സിറ്റിയെ ലക്ഷ്യമാക്കി കുതിച്ചു പറക്കുകയായിരുന്നു. വിമാനം ഉയരങ്ങള്‍ താണ്ടി സുഖകരമായ നിലയിലെത്തിയപ്പോള്‍ അത് പറക്കുയല്ല റണ്‍വേയില്‍ കിടക്കുകയാണോ എന്ന് പോലും തോന്നി. ഈ സമയം ഞങ്ങള്‍ക്കുള്ള ചിക്കന്‍ റൈസുമായി എയര്‍ഹോസ്റ്റസുമാര്‍ എത്തി. സ്വാദിഷ്ടമായ ചിക്കന്‍ ഫ്ളേവേര്‍ഡ് റൈസിനൊപ്പം തന്തൂരി രുചിയുള്ള കോഴിയിറച്ചിയും കഴിച്ചതിലൂടെ ഇനിയുള്ള നാല് ദിവസം ആസ്വദിക്കാന്‍ പോകുന്ന മലേഷ്യന്രുചികളെ പരിചയിച്ച് തുടങ്ങുകയായിരുന്നു ഞങ്ങള്‍.
ശ്രീലങ്കയുടെ തെക്ക്ഭാഗം കുറുകെ കടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഞങ്ങളുടെ വിമാനം മലേഷ്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചു. ഫ്ളൈറ്റ് ക്വലാലംപൂര്‍ വിമാനത്താവളത്തിലേക്ക് ഇറങ്ങാന്‍ തുടങ്ങുകയാണെന്ന സന്ദേശം മുഴങ്ങി. സീറ്റ് ബെല്‍റ്റുകള്‍ മുറുക്കിയിടുന്നതിന്റെ ശബ്ദം കേള്‍ക്കാം. അതാ താഴെ വര്ണപ്പൂക്കള് വിരിഞ്ഞതുപോലെ പ്രകാശവിസ്മയം തെളിഞ്ഞു. ക്വലാലംപൂര്‍ സിറ്റിയുടെ രാത്രിസൗന്ദര്യം മുകളില്‍ നിന്ന് വീക്ഷിക്കുന്നത് കുളിര്മയുള്ള അനുഭവമായിരുന്നു. നിലംതൊട്ട് റണ്‍വേയിലൂടെ നീങ്ങി വിമാനം വേഗത കുറഞ്ഞ് നില്ക്കുമ്പോള് വാച്ചില്‍ നോക്കി. സമയം രാത്രി 9.30. എന്നാല്‍ മലേഷ്യന്‍ സമയം രാത്രി 11.50 ആയിരിക്കുന്നു. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തേക്കാള്‍ രണ്ട് മണിക്കൂറും 20 മിനിട്ടും മുന്നോട്ടാണ് മലേഷ്യന്‍ സമയം. എയര്‍പോര്‍ട്ടിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഷിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങുമ്പോള്‍ ഞങ്ങളെ കാത്ത് പ്ലക്കാര്‍ഡുമായി ഒരാള്‍. ഇദ്ദേഹമാണ് ഞങ്ങളുടെ മലേഷ്യന്‍ ഗൈഡ്. പേര് യെന്‍ കാംഗ് ലിംഗ്. വയസ് 56. ക്വലാലംപൂര്‍ സിറ്റിയില്‍ ലഭ്യമായിട്ടുള്ളതില്‍ വച്ചേറ്റവും നല്ല ഗൈഡാണ് താനെന്ന് യെന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തെളിയിക്കുകയും ചെയ്തു. ഒരു യുവാവിന്റെ ചുറുചുറുക്കോടെ അദ്ദേഹം ഞങ്ങളെ പുറത്തേക്ക് നയിച്ചു.
(തുടരും)
കൊച്ചി-ക്വലാലംപൂര്‍ യാത്രയില്‍ ഫ്ളൈറ്റിനുള്ളില്‍.
![]() |
ക്വലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ രാത്രി വിമാനമിറങ്ങിയപ്പോള്‍. |